കർണാടക അതിർത്തി വിഷയം: ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: കർണാടക അതിർത്തി തുറക്കുന്ന വിഷയത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി.

അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. അതിർത്തി തുറക്കണമെന്നാണ് മുഖ്യമന്ത്രി പ്രധാനമന്തിയോട് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ അമിത് ഷായോട് പ്രധാനമന്ത്രി നിർദേശിച്ചനുസരിച്ചാണ് തിരികെ വിളിച്ച് ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി ചർച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കർണാടക അതിർത്തി വിഷയത്തിൽ മുഖ്യമന്ത്രി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.കാസർഗോഡ് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ ആവശ്യകതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കാസർകോട് ജില്ലയിലെ നിരവധി ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. അതുവഴി രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണിതെന്നും മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞു.

തലശ്ശേരിയെയും കൂർഗിനെയും ബന്ധിപ്പിക്കുന്ന ടി.സി. റോഡ് കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണെന്നും ആ റോഡ് അടച്ചിടുക വഴി കണ്ണൂർ ജില്ലയും കർണാടകവുമായുള്ള ബന്ധം അറുത്തു മാറ്റുകയെന്നതാണ് ഫലത്തിൽ സംഭവിക്കുകയെന്നും മുഖ്യമന്ത്രി  അമിത് ഷായെ ധരിപ്പിച്ചു.

കർണാടക മുഖ്യമന്ത്രിയുമായി താൻ സംസാരിക്കുമെന്നും ഉടനെ തന്നെ തിരിച്ചു വിളിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *