ഇന്ത്യയിൽ 873 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 873 ആയി ഉയർന്നു . ഇതിൽ 47 പേർ വിദേശികളാണ്.  മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പുതിയതായി രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 19 ആയി. 78 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിൽ രോഗബാധിതർ 775 പേരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്, 180 പേർ. തൊട്ടുപിന്നിലുള്ള കേരളത്തിൽ 176 രോഗബാധിതരാണുള്ളത്.

മഹാരാഷട്രയിൽ അഞ്ച്, ഗുജറാത്തിൽ മൂന്ന്, കർണാടകയിലും മധ്യപ്രേശിലും രണ്ട്, തമിഴ്നാട്, ബിഹാർ, പഞ്ചാബ്, ഡൽഹി, ബംഗാൾ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒരോ മരണവുമാണ് റിപ്പോ‍ർട്ട് ചെയ്തത്. ലോക് ഡൗണിന്റെ നാലാം ദിവസമായ ഇന്നും രാജ്യം നിശ്ചലമാണ്.

വൈറസ് പടർത്തണമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുന്നതായും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഡൽഹി പൊലീസ് മാർഗനിർദേശം പുറത്തിറക്കി.

മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തു. വിദേശത്ത് നിന്നെത്തിയ മകൾക്ക് രോഗലക്ഷണങ്ങളുണ്ടായിട്ടും ക്വാറന്റീനിൽ കഴിയാതെ പൊതുപരിപാടികളിൽ പങ്കെടുത്തതിനാണ് നടപടി. ഡോക്ടർക്ക് വൈറസ് ബാധയുണ്ടെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് യുവതിയെ ബംഗാളിൽ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *