ലോക്ക് ഡൗണ്‍: ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ സായുധസേനയോട് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ സായുധ സേനയോടും മറ്റു വകുപ്പുകളോടും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വകുപ്പ് തലവന്‍മാര്‍ വിശദീകരിച്ചു. സേനയുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ 1,462 പേരെ പാര്‍പ്പിക്കുകയും അതില്‍ 389 പേരെ നിരീക്ഷണ കാലവധിക്കു ശേഷം വിടുകയും ചെയ്തു. മനേസര്‍, ഹിന്‍ദാന്‍, ജയ്‌സല്‍മര്‍, ജോധ്പുര്‍, മുംബൈ എന്നിവിടങ്ങളില്‍ 1,073 പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 950 പേര്‍ക്കുകൂടിയുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 വ്യാപിച്ച രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെയും വിദേശികളെയും സ്വന്തം നാട്ടിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിന് സായുധസേനയും പ്രതിരോധമന്ത്രാലയത്തിലെ വിവിധ വകുപ്പുകളും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ തുടങ്ങിയവരു യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *