ലോക്ഡൗൺ ലംഘിച്ച വാഹനം വിട്ടുനൽകുക 14 നു ശേഷം; പൊലീസ് നടപടികള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്യുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ കടുപ്പിക്കുന്നു. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവരെ അറസ്റ്റു ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കി.

വാഹനം പിടിച്ചെടുത്താല്‍ വിട്ടുനല്‍കുക ഏപ്രില്‍ 14നുശേഷമായിരിക്കും. വാഹനയാത്രയ്ക്കു കൃത്യമായ രേഖയില്ലെങ്കില്‍ നടപടിയെടുക്കും. ലോക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവികള്‍ക്കാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മാത്രം സംസ്ഥാനത്തു നിരോധനം ലംഘിച്ചതിന് 2535 പേര്‍ അറസ്റ്റിലായി.

അനാവശ്യമായി പുറത്തിറങ്ങിയവരെ ബോധവത്കരിച്ചും അഭ്യര്‍ഥിച്ചും പൊലീസ് തിരിച്ചയയ്ക്കുന്ന കാഴ്ചയാണു കഴിഞ്ഞ രണ്ടു ദിവസം കണ്ടത്. എന്നാല്‍ ഇന്നു മുതല്‍ പൊലീസ് ഇനി ഉപദേശിക്കില്ല. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. അറസ്റ്റും ഉണ്ടാകും. അനാവശ്യമായി യാത്ര ചെയ്തതിന് ഇന്നലെ 2535 പേരാണ് അറസ്റ്റിലായത്. 1636 വാഹനങ്ങള്‍ പിടിച്ചെടുത്തു. 1751 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഉപദേശം നല്‍കി തിരിച്ചയക്കാന്‍ നോക്കിയിട്ടും വഴങ്ങാത്തവര്‍ക്കെതിരെയാണു നടപടി എടുത്തത്. ഇന്നു മുതല്‍ നേരിട്ടു നടപടികളിലേക്കു കടക്കും.

ത്ര വിലക്കിയാലും റോഡിലിറങ്ങുമെന്ന പ്രവണത കഴിഞ്ഞ ദിവസം ഏറ്റവുമധികം കണ്ടത് കോഴിക്കോട് നഗരത്തിലാണ്. പക്ഷെ ഏറ്റവുമധികം അറസ്റ്റുണ്ടായത് കോട്ടയത്തും. നിരോധനം ലംഘിച്ചതിന് ഇന്നലെ തലസ്ഥാനത്ത് 332 പേരും എറണാകുളത്ത് 437 പേരും അറസ്റ്റിലായി. അനുസരണയില്ലാത്ത ജില്ലകളില്‍ ആലപ്പുഴയും കൊല്ലവും ഒട്ടും മോശമല്ല. ആവശ്യസര്‍വീസുകള്‍ക്ക് സഞ്ചരിക്കുന്നവര്‍ക്ക് പൊലീസ് നല്‍കുന്ന പാസോ സ്ഥാപനങ്ങളുടെ പാസോ ഹാജരാക്കണം.

സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സത്യവാങ്മൂലം ഹാജരാക്കിയാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ. ഇനിയും നിര്‍ദേശം ലംഘിച്ചാല്‍ ഭാവിയില്‍ ദുഖിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *