ജനത കര്‍ഫ്യൂ: കൈകോര്‍ത്ത്‌ കേരളവും

തിരുവനന്തപുരം:  ജനത കര്‍ഫ്യൂ നിലവില്‍ വന്നതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പാളയം, സ്റ്റാച്യൂ, പുളിമൂട്, കിഴക്കേകോട്ട, സെക്രട്ടേറിയറ്റ് റോഡുകള്‍ വിജനമായി. സാധാരണയായി നല്ല തിരക്കുണ്ടാകാറുള്ള മേഖലയാണിത്.  അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെ മാത്രമാണ്  കാണാനാവുന്നത്. സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല .കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ചില പെട്രോള്‍ പമ്ബുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ സാധാരണയായി കാണാറുള്ള സമരക്കാരോ പ്രതിഷേധക്കാരോ ഇന്നില്ല.

കൊല്ലത്തും ജനങ്ങള്‍ ജനത കര്‍ഫ്യൂവിനോടു സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വാഹനങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല.

കൊച്ചി നഗരവും ജനത കര്‍ഫ്യൂവിനോട് അനുകൂലമായാണ് ആദ്യമണിക്കൂറുകളില്‍ പ്രതികരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. കൊച്ചി മെട്രോയും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്. പള്ളികള്‍ അടച്ചിട്ടുണ്ട്. ആറായിരത്തിലധികം പേര്‍ വീടുകളിലും മുപ്പതോളം പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയവും ജനത കര്‍ഫ്യൂവുമായി സഹകരിക്കുന്നുണ്ട്. പല വിശ്വാസികളും ഓണ്‍ലൈന്‍ മാര്‍ഗം കുര്‍ബാനയില്‍ പങ്കെടുത്തു.

ആദ്യമായി കൊറോണ സ്ഥിരീകരിക്കപ്പെട്ട തൃശ്ശൂരിലെ ജനങ്ങള്‍ ജനത കര്‍ഫ്യൂവിനോട് നിലവില്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. വാഹനങ്ങളൊന്നും തന്നെ പുറത്തിറങ്ങുന്നില്ല.

കോഴിക്കോട്  അങ്ങിങ്ങായി സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലുമായി 23പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതില്‍ 15പേര്‍ ബീച്ച്‌ ആശുപത്രിയിലും എട്ടുപേര്‍ മെഡിക്കല്‍ കോളേജിലുമാണ്.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണങ്ങളാണ് കാസര്‍കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വളരെക്കുറച്ച്‌ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.കഴിഞ്ഞദിവസം തന്നെ കടകള്‍ തുറക്കുന്നതിനും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനത കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍, കടകള്‍ നിയന്ത്രിതസമയത്ത് തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്. കര്‍ണാടകയില്‍നിന്നും മംഗളൂരുവില്‍നിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ മാത്രമാണ് തലപ്പാടി ചെക്ക് പോസ്റ്റ് വഴി കടത്തിവിടുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *