എ.ടി.എം., പി.ഒ.എസ്. മെഷീന്‍ ഉപയോഗത്തിലും ശ്രദ്ധിക്കണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ‘ബ്രെയ്ക്ക് ദ ചെയിന്‍’ നടപ്പാവാതെ എ.ടി.എമ്മും പി.ഒ.എസ്. മെഷീനും. ബാങ്കുകളില്‍ പലയിടത്തും കൈ ശുചീകരിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, എ.ടി.എമ്മില്‍ സാനിറ്റൈസര്‍ പോലുമില്ല. കടകളിലും പെട്രോള്‍ പമ്ബുകളിലുമൊക്കെ പി.ഒ.എസ്. (പോയന്റ് ഓഫ് സെയില്‍) മെഷീന്‍ വഴിയാണ് പണമിടപാട്. ഇതില്‍, ഒരേ കീ പാഡില്‍ പലര്‍ക്കും പിന്‍ നമ്ബര്‍ അടിക്കേണ്ടതും രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയുണ്ട്. ഈ രണ്ടു മെഷീനുകളും ‌ഉപയോഗിച്ചാലുടന്‍ സാനിെറ്റസര്‍ ഉപയോഗിക്കാനുള്ള സൗകര്യമുണ്ടാവണം.

കൊറോണ പടരുന്ന സാഹചര്യത്തില്‍ സുരക്ഷാക്രമീകരണം ഉറപ്പുവരുത്തണമെന്നും ഇടപാടുകാരെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബാങ്കില്‍ ബോധവത്‌കരണ നിര്‍ദേശം പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, എ.ടി.എം. സെന്ററുകള്‍ക്കായി ഒരു ക്രമീകരണവും ബാങ്കേഴ്സ് സമിതി നിര്‍ദേശിച്ചിട്ടില്ല. ചില ബാങ്കുകള്‍, ബാങ്കിനോട് ചേര്‍ന്ന എ.ടി.എമ്മുകളിലും നഗരത്തിലെ പ്രധാന സെന്ററുകളിലും സാനിറ്റൈസര്‍ വെച്ചിട്ടുണ്ട്.

സംസ്ഥാനത്തെ റേഷന്‍ കടകളിലെ ബയോമെട്രിക് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തിയിട്ടുണ്ട്. ഇ-പോസ് മെഷീന്‍വഴിയാണ് റേഷന്‍ വിതരണം ചെയ്യുന്നത്. പഞ്ചിങ് ഒഴിവാക്കി മൊബൈലിലേക്കുവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുന്നത്. ഏതെങ്കിലും കാരണവാശാല്‍ ഇങ്ങനെ നടന്നില്ലെങ്കില്‍ പഞ്ചിങ് ഇല്ലാതെതന്നെ റേഷന്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *