വാളയാർ കേസിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ ഹൈക്കോടതി

പാലക്കാട് : വാളയാർ അട്ടപ്പള്ളത്തു പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാൻ ഹൈക്കോടതി നിർദേശം.

പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദേശം.

നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികൾ രാജ്യം വിടാൻ പോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണ് ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടുകയൊ ജാമ്യത്തിൽ വിടുകയൊ വേണമെന്ന് നിർദേശിച്ച് ആറ് പ്രതികൾക്കെതിരെയും ബെയിലബിൾ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് അവധിക്കു പിരിഞ്ഞ് തുറക്കുമ്പോൾ മേയ് മാസത്തിൽ പരിഗണിക്കും

അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എം.മധു, ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതെയ്ക്കൽ വീട്ടിൽ ഷിബു, വി. മധു എന്നിവരെയാണു വിട്ടയച്ചത്. പ്രതിപ്പട്ടികയിലെ േചർത്തല സ്വദേശി പ്രദീപ്കുമാറിനെ നേരത്തെ വിട്ടയച്ചിരുന്നു. കേസിൽ ഇനി അവശേഷിക്കുന്നതു പ്രായപൂർത്തിയാകാത്ത ഒരു പ്രതി മാത്രമാണ്. ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിൽ നടക്കുകയാണ്. കുട്ടികൾക്കെതിരായ അതിക്രമം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണു പൊലീസ് ചുമത്തിയിരുന്നത്.  വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശൂരിലെ ഒരു സംഘടന നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പോക്‌സോ കോടതിയുടെ വിധി നിലനിൽക്കുന്നതിനാൽ ഹർജി പരിഗണിക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി പെൺകുട്ടികളുടെ രക്ഷിതാക്കൾക്കോ സർക്കാരിനോ വിധിക്കെതിരെ അപ്പീൽ നൽകാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *