കൊറോണ: സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 14പേര്‍ക്ക്

തിരുവനന്തപുരം: എട്ടുപേര്‍ക്കുകൂടി പുതുതായി കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 വരെ അങ്കണവാടികള്‍മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും.

ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. വിവാഹങ്ങള്‍ വളരെ ചുരുങ്ങിയ രീതിയില്‍മാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാര്‍ പങ്കെടുക്കുന്നതടക്കം സര്‍ക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റി. പ്രത്യേക മന്ത്രിസഭായോഗമാണ് മുന്‍കരുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

ഇറ്റലിയില്‍നിന്ന് റാന്നിയിലെത്തിയവരുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്കുകൂടി ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കള്‍, അവരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയവര്‍, അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റുരണ്ടുപേര്‍ എന്നിവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊച്ചിയില്‍ ചികിത്സയിലുള്ള മൂന്നുവയസ്സുകാരന്റെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി.

Leave a Reply

Your email address will not be published. Required fields are marked *