കൊറോണ: അമൃതാനന്ദമയി മഠത്തില്‍ ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചു

കൊല്ലം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് മാതാ അമൃതാനന്ദമയി നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചതെന്ന് മഠം പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശികളടക്കം രാജ്യത്ത് 31 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തരെ ആലിംഗനം ചെയ്ത് ദര്‍ശനം നല്‍കുന്നത് നിര്‍ത്തിയത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം അമൃതാനന്ദമയി മഠത്തില്‍ സമ്ബര്‍ക്ക വിലക്ക്, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും അടക്കം ആരെയും അമൃതപുരി ആശ്രമത്തിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ലെന്ന് മഠം പ്രസ്താവനയില്‍ വ്യക്തമാക്കി.

രാത്രിയില്‍ മഠത്തില്‍ താമസിക്കുന്നതിനും പകല്‍ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശികളായ സന്ദര്‍ശകര്‍ ഇന്ത്യയിലെത്തിയിട്ട് എത്ര നാളായിരുന്നാലും ഇത് ബാധകമാണെന്നും മഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. പ്രാര്‍ഥനയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇപ്പോഴത്തെ സാഹചര്യം മാറുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *