അമിത് ഷായുടെ റാലിക്കിടെ വീണ്ടും ‘ഗോലി മാരോ..’മുദ്രാവാക്യം

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ വീണ്ടും ‘ഗോലി മാരോ’ (രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലൂ) മുദ്രാവാക്യം. ഞായറാഴ്ച, അമിത് ഷായുടെ റാലി നടന്ന കൊൽക്കത്തയിലെ ഷാഹിദ് മിനാർ മൈതാനത്തേയ്ക്കു പോയ ആളുകളാണ് വിവാദമായ മുദ്രാവാക്യം മുഴക്കിയത്. ഇവർ ബിജെപി പതാക കയ്യിലേന്തിയിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തായി. റാലിയിൽ അമിത് ഷാ പൗരത്വ ഭേദഗതി നിയമത്തെ ‌ന്യായീകരിക്കുകയും മമത സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.

എന്നാൽ ആഭ്യന്തര മന്ത്രിയുടെ റാലിക്കിടെ ഉണ്ടായ സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ കൊൽക്കത്ത പൊലീസ് തയാറായില്ല. നഗരത്തിൽ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന എല്ലാവർക്കെതിരെയും കർശനമായ നടപടി സ്വീകരിക്കുമെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജന്‍സിയായ പിടിഐയോടു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *