സ്വർണവില കുതിപ്പു തുടരുന്നു

കൊച്ചി: റെക്കോർഡുകൾ തിരുത്തി സ്വർണവില കുതിപ്പു തുടരുന്നു. ഇന്ന് പവന് 200 രൂപ ഉയർന്നതോടെ വില 31,480 രൂപയിലെത്തി. ഗ്രാമിന് 25 രൂപ ഉയർന്ന് വില 3,935 രൂപയായി. രാജ്യാന്തര വിപണിയിൽ വില ഉയരുന്നതാണ് കേരളത്തിലും സ്വർണവില കൂടാൻ കാരണം. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി പവന് 400 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 1,080 രൂപയുടെ വർധനയാണ് സ്വർണത്തിനുണ്ടായത്. ഗ്രാമിന് 135 രൂപയും കൂടി.

ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള വിപണിയിൽ സൃഷ്ടിക്കുന്ന അനിശ്ചിതത്വവും രൂപയുടെ മൂല്യത്തകർച്ചയുമാണ് വില ഉയരാൻ കാരണം. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) ഇന്ന് 1643 ഡോളറാണ് വില. 27 ഡോളറാണ് ഇന്നു മാത്രം ഉയർന്നത്. രാജ്യാന്തര നിക്ഷേപകരിൽനിന്നുള്ള ഡിമാൻഡ് ഉയർന്നു നിൽക്കുന്നതിനാൽ സ്വർണവില ഇനിയും ഉയർന്നേക്കും. ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കേരളത്തിൽ ഇപ്പോൾ 35,077 രൂപ നൽകണം. ഡിസൈനർ ആഭരണങ്ങളുടെ വില ഇതിലും കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *