കിണറ്റില്‍ വീണ ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിനിടെ കുഴഞ്ഞു വീണ മധ്യവയസ്‌ക്കന്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം: കിണറ്റില്‍ അകപ്പെട്ട ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിനിടെ വാതകം ശ്വസിച്ച്‌ വെള്ളത്തില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു. വിളവൂര്‍ക്കല്‍ മലയം പെരിഞ്ഞാഴി മേലെ പുത്തന്‍ വീട്ടില്‍ ശ്രീകണ്ഠന്‍ (48) ആണ് മരിച്ചത്. സമീപവാസിയായ മലയം കോനറത്തലയ്ക്കല്‍ വീട്ടില്‍ സുജനപാലന്റെ വീട്ടിലെ കിണറ്റില്‍ വീണ ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ന് ആണ് അപകടം.

സിലിണ്ടര്‍ കയറില്‍ കെട്ടി പുറത്തെടുത്തെങ്കിലും കിണറ്റില്‍ നിന്നു കയറി വരാനാവാതെ ശ്രീകണ്ഠന്‍ വെള്ളത്തില്‍ താഴ്ന്നു പോയി. സ്ഥലത്ത് എത്തിയ കാട്ടാക്കട ഫയര്‍ഫോഴ്സ് ഗ്യാസ് സിലിണ്ടറില്‍ നിന്നു ചോര്‍ന്ന വാതകം കിണറ്റില്‍ തങ്ങി നില്‍ക്കുന്നതായി കണ്ടെത്തി.

പരിശോധനയ്ക്കിടെ കിണറ്റില്‍ നിന്നും രണ്ട് തവണ തീ ഉയര്‍ന്നതും പരിഭ്രാന്തി പരത്തി.തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ഫയര്‍മാന്‍ അരുണ്‍.പി.നായര്‍ കിണറ്റില്‍ ഇറങ്ങി സാഹസികമായാണു മൃതദേഹം പുറത്തെടുത്തത്. കൂലിപ്പണിക്കാരനായ ശ്രീകണ്ഠന്‍ അവിവാഹിതനാണ്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Leave a Reply

Your email address will not be published. Required fields are marked *