പോലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: പോലീസ് വകുപ്പിലെ അഴിമതി ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഇത് നിയമവിരുദ്ധമല്ലെന്നും ചീഫ് സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. ചീഫ് സെക്രട്ടറി പോലീസ് വകുപ്പിന്റെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നുവെന്നത് തെറ്റായ രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സഭയില്‍ വയ്ക്കുന്നതിന് മുമ്ബ് ചോര്‍ന്നതായി സംശയം ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പിലൂടെ ചീഫ് സെക്രട്ടറി ആരോപിച്ചു. സാധാരണഗതിയില്‍ സഭയില്‍വെച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിക്കുന്നത്. എന്നാല്‍ ഇത്തവണ അതിനു മുമ്ബെതന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായതായി സംശയം ഉയര്‍ന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച്‌ നടപടി സ്വീകരിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുന്നതും ജനാധിപത്യമര്യാദകളുടെ ലംഘനമാണ്. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളുണ്ടാകുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *