ഗ്രൂപ്പ് രാഷ്ട്രീയത്തെ അരിഞ്ഞുവീഴ്ത്തി കെ.പി.സി.സി പട്ടിക പുറത്തിറക്കി

കെ.സി.വിശാഖ്


തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവൊരുക്കി കെ.പി.സി.സി ഭാരവാഹി ലിസ്റ്റ് പുറത്തിറക്കി. കെ.പി.സി.സി പുനസംഘടനയോടൊപ്പം ഗ്രൂപ്പ് രാഷ്ട്രീയത്തിന് തടയിട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍.
യുവാക്കള്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ ലിസ്റ്റില്‍ ദീര്‍ഘകാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പരഗണിക്കപ്പെടാത്തവരും ഉള്‍പ്പെട്ടു. കഴിഞ്ഞ 12 ദിവസമായി ഡല്‍ഹിയില്‍ തമ്പടിച്ച് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ഗ്രൂപ്പ് വടംവലികള്‍ക്കും ശേഷം ദുര്‍ബലനെന്ന് ഗ്രൂപ്പ് മാനേജര്‍മാര്‍ പ്രചരിപ്പിച്ച മുല്ലപ്പള്ളിയുടെ സംഹാര താണ്ഡവമാണ് ഇന്നലെ ലിസ്റ്റ് പുറത്തുവന്നതോടെ കാണാന്‍ കഴിഞ്ഞത്.

എ ഗ്രൂപ്പിന്റെ അതികായകനും ‘ഫണ്ട് റേയ്‌സറും’ അവസാന വാക്കുമായ തമ്പാനൂര്‍ രവിക്കായി എ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സ്ഥാനം ശക്തമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലുംലിസ്റ്റ് വന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായി ഒതുങ്ങിയതും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ മികച്ച സംഘാടകനും ദീര്‍ഘകാലമായി മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സാധാരണ പ്രവര്‍ത്തകരുടെ വികാരവുമായ ടി.ശരത്ചന്ദ്രപ്രസാദ് വൈസ് പ്രസിഡന്റായതും കെ.പി.സി.സി പ്രസിഡന്റിന്റെ വിജയം തന്നെയാണ്.

കഴിഞ്ഞ ഒരു കൊല്ലമായി ഐ ഗ്രൂപ്പ് നേതാവും മുന്‍ മന്ത്രിയുമായ വി.എസ്.ശിവകുമാറിന്റെ പേര് ഉയര്‍ത്തിക്കാട്ടിയാണ് പുന:സംഘടന വൈകിപ്പിച്ചത്. അന്തിമ ലിസ്റ്റില്‍ ശിവകുമാര്‍ പുറത്തായി. ഇത് വ്യക്തിപരമായി രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ക്ഷീണമായി. രമേശ് ചെന്നിത്തലയുടെ കെ.എസ്.യു. കാലം തൊട്ടുള്ള സന്തതസഹചാരിയും ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവുമായ പന്തളം സുധാകരനെയും വെട്ടിനിരത്തി. പകരം ഏഴുകോണ്‍ നാരായണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചു. മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ മകന്‍ മോഹന്‍ശങ്കറിനെയും വൈസ് പ്രസിഡന്റായി പരിഗണിച്ചതിലുടെ ഈഴവ സമുദായത്തില്‍ ശക്തമായ വേരുറപ്പിക്കാനും കഴിയുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. മാത്രമല്ല രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളെ ഉള്‍പ്പെടുത്തിയതിലൂടെ ആ വിഭാഗത്തേയും അടുപ്പിച്ചുനിര്‍ത്താനായി.

സാമുദായിക നേതാക്കന്മാരുടെ പിടിയില്‍ നിന്ന് കോണ്‍ഗ്രസ് രാഷ്ട്രീയം മുക്തമാകുന്ന കാഴ്ചയും ഈ ലിസ്റ്റ് പുറത്തുവന്നതിലൂടെ കാണാനാവും. വട്ടിയൂര്‍ക്കാവിലെ തോല്‍വി ഇക്കാര്യത്തില്‍ ദേശീയ കോണ്‍ഗ്രസ് നേതാക്കന്മാരെ ഇരുത്തിച്ചിന്തിപ്പിച്ചു എന്നത് വ്യക്തം.
ആകെ 47 പേര്‍ അടങ്ങുന്ന ഭാരവാഹി പട്ടിക. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 12 പേര്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 34 പേര്‍. ഒരു ട്രഷറര്‍.

ലിസ്റ്റ് ചുവടെ:
വൈസ് പ്രസിഡന്റ്: പി.സി.വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കല്‍, കെ.പി.ധനപാലന്‍, കെ.സി.റോസക്കുട്ടി, പത്മജാ വേണുഗോപാല്‍, മോഹന്‍ശങ്കര്‍, സി.പി.മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി.സിദ്ദിഖ്, ടി.ശരത്ചന്ദ്രപ്രസാദ്, ഏഴുകോണ്‍ നാരായണന്‍.

ജനറല്‍ സെക്രട്ടറിമാര്‍: പാലോട് രവി, എ.എ.ഷുക്കൂര്‍, കെ.സുരേന്ദ്രന്‍, തമ്പാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം.കോശി, പഴകുളം മധു, എന്‍.സുബ്രഹ്മണ്യന്‍, ജയ്‌സണ്‍ ജോസഫ്, കെ.ശിവദാസന്‍നായര്‍, സവീജ് മാറോളി, കെ.പി.അനില്‍കുമാര്‍. എ.തങ്കപ്പന്‍, അബ്ദുല്‍ മുത്തലിബ്, വി.എ.കരീം, റോയ് കെ.പൗലോസ്, ടി.എം.സക്കീര്‍ ഹുസൈന്‍, ജി.രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആര്‍.മഹേഷ്,ടി.സുഗതന്‍., എം.മുരളി, സി.ചന്ദ്രന്‍, ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം, മാത്യുകുഴല്‍നാടന്‍, കെ.പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം.നസ്സീര്‍, ഡി.സോണ, അബ്ദുല്‍റഹ്മാന്‍കുട്ടി, ഷാനവാസ്ഖാന്‍.

ട്രഷറര്‍: കെ.കെ.കൊച്ചുമുഹമ്മദ്.

സെക്രട്ടറിമാരുടെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ പട്ടിക ഫെബ്രുവരി പത്തിനുമുന്‍പ് ഇറക്കും.

Leave a Reply

Your email address will not be published. Required fields are marked *