സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം

തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ എല്ലാ തൊഴിലാളി യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരംനടത്തുന്നു.

തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തരപുരത്ത് മിന്നല്‍ സമരം പിന്‍വലിച്ചു. ഇവിടെ ബസുകള്‍ ഓടിതുടങ്ങിയിട്ടുണ്ട്. കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്.

റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഈ മാസം 16 മുതല്‍ കുടുംബശ്രീ വനിതകള്‍ ഏറ്റെടുക്കുമെന്ന് നേരത്തെ തീരുമാനമായിരുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 24 റിസര്‍വേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനമാണ് കുടുംബശ്രീ ഏറ്റെടുക്കാനിരുന്നത്. നിലവില്‍ റിസര്‍വേഷന്‍ ജോലി ചെയ്യുന്നവരെ ഇതോടെ പുനര്‍ വിന്യസിക്കേണ്ടിവരും.
ടോപ്അപ്പ് റീച്ചാര്‍ജ് മാതൃകയില്‍ നേരത്തെ പണമടച്ച് ടിക്കറ്റുകള്‍ വാങ്ങിയാണ് കുടുംബശ്രീ വില്‍പന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോ ടിക്കറ്റിലും 4.5 ശതമാനം കമ്മീഷന്‍ ലഭിക്കും. നൂറോളം വനിതകളാണ് ഇതുമായി ബന്ധപ്പെട്ട് പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്.
കോര്‍പ്പറേഷനിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരാണ് നിലവില്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ജോലിചെയ്യുന്നത്. ഇവരെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയാണ് റിസര്‍വേഷന്‍ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. ഇത് വന്‍ പ്രതിഷേധത്തിന് നേരത്തെ തന്നെ വഴിവച്ചിരുന്നു.
.

Leave a Reply

Your email address will not be published. Required fields are marked *