നിര്‍ഭയ കേസിലെ പുനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി:നിർഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ആർ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി തള്ളിയത്. നാല് പ്രതികളിലൊരാളായ അക്ഷയ് സിംഗ് ഠാക്കൂർ ഡിസംബർ 12 നാണ് പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. മറ്റ് മൂന്ന് പ്രതികളും സമർപ്പിച്ച പുനഃപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു.

മറ്റൊരു പ്രതിയായ വിനയ് ശർമ്മയുടെ ദയാഹർജി പിൻവലിച്ചതോടെ ഇയാളെ കഴിഞ്ഞയാഴ്ച തീഹാർ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാൺഡൂലി ജയിലിലായിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. കേസിൽ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവൻ ഗുപ്ത് എന്നിവർ തീഹാർ ജയിലിൽ തന്നെയാണ് ഉള്ളത്. പ്രതിയായിരുന്ന റാം സിംഗിന്റെ ആത്മഹത്യക്ക് ശേഷം ഇവരെ പല സ്ഥലങ്ങളിലേക്ക് മാറ്റിരുന്നു.

പുനപരിശോധന ഹർജി പരിഗണിക്കാൻ നേരത്തെ രൂപീകരിച്ച മൂന്നംഗ ബഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. കേസിൽ മുൻപ് തന്റെ ബന്ധുവായ അഭിഭാഷകൻ അർജുൻ ബോബ്ഡെ ഹാജരായത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. മറ്റ് മൂന്ന് പ്രതികളുടെ പുനപരിശോധന ഹർജി പരിഗണിച്ചപ്പോൾ നിർഭയയുടെ കുടുംബത്തിനായി അഡ്വ. അർജുൻ ബോബ്ഡെ ഹാജരായിരുന്നു.

2012 ഡിസംബർ 16 ന് ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ചാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. ക്രൂരമായ പീഡനത്തിന് ഇരയായ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പ്രതികൾ വഴിയിൽ തള്ളുകയും ചെയ്തു. പിന്നീട് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ സിംഗപ്പൂരിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *