അമ്മ സംഘടനയോട് മാപ്പ് പറയില്ല: രമ്യ നമ്പീശന്‍

തിരുവനന്തപുരം: ‘അമ്മ’ സംഘടനയിലേക്ക് തിരിച്ചു പോകാനോ മാപ്പ് പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് നടി രമ്യ നമ്പീശന്‍. കെപിഎസി ലളിതയും സിദ്ദിഖും നടത്തിയ വാര്‍ത്താസമ്മേളനത്തെ കുറിച്ചും  പ്രതികരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.

ഇന്നത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണെന്നും രമ്യ പറഞ്ഞു.
എല്ലാം സഹിച്ചാല്‍ മാത്രമെ ‘അമ്മ’യ്ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളോട് തനിക്ക് മറുപടിയില്ല. പക്ഷെ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെപിഎസി ലളിതയുടെ വാര്‍ത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നു. അമ്മ’ സംഘടന ആരുടെ കൂടെ നില്‍ക്കുന്നു എന്നത് വ്യക്തമാണ്. അതിനേക്കാള്‍ ഉപരി ഇത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നതിലാണ് എനിക്ക് അത്ഭുതം. പ്രത്യേക രീതിയിലാണ് എല്ലാം ഫാബ്രിക്കേറ്റ് ചെയ്തിരിക്കുന്നത്. ഡബ്ല്യൂസിസി പുരുഷവിരുദ്ധവും ‘അമ്മ’ വിരുദ്ധവും ആണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നു. ഡബ്യൂസിസിക്ക് അങ്ങനെ ഒരു ലക്ഷ്യമില്ല. കൂടെയുള്ള ഒരള്‍ക്ക് വേണ്ടി സംസാരിക്കുന്നത് മാത്രമല്ല. സിനിമാ വ്യവസായത്തില്‍ തന്നെ ശുദ്ധീകരണത്തിന്റെ ആവശ്യമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു.

സിനിമാ മേഖലയെയും മറ്റ് സംഘടനകളെയും തകര്‍ക്കാന്‍ വേണ്ടി രൂപംകൊണ്ടതാണെന്നും ഉള്ള പ്രചരണങ്ങള്‍ മനപ്പൂര്‍വമാണ്.ശബ്ദമുയര്‍ത്തുവരെ അടിച്ചമര്‍ത്തുന്നതാണ് അമ്മയുടെ രീതി. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍. വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകും. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ പെയിഡാണ് എന്നത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. എല്ലാവരും കൈകോര്‍ത്ത് മുന്നോട്ട് പോകണമെന്ന് തന്നെയാണ് ആഗ്രഹം പക്ഷെ ആവശ്യമായ സമയത്ത് പ്രതികരിക്കണമല്ലോയെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *