ഗാലോര്‍ എക്‌സ്‌പെരിമെന്റാ ഇന്ത്യ വിഭാഗത്തില്‍

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഷിന്‍ത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍,ചൈനയിലെ ആര്‍ പി.എം ഫെസ്റ്റ്, റഷ്യയിലെ കന്‍സ്‌ക് വീഡിയോ ഫെസ്റ്റിവല്‍ തുടങ്ങി പത്തോളം രാജ്യാന്തരമേളകളില്‍ ശ്രദ്ധേയമായ ‘ഗാലോര്‍’ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ എക്‌സ്‌പെരിമെന്റാ ഇന്ത്യ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ജര്‍മ്മന്‍ സംവിധായകന്‍ ബെര്‍ണ്ട് ലുറ്റ്‌സലര്‍ സംവിധാനം ചെയ്ത ഈ ചിത്രം ആഗോളവല്‍ക്കരണം ഇന്ത്യന്‍ മെട്രോനഗരങ്ങളിലെ തെരുവുകളില്‍ പോലും ഉല്‍പ്പന്നങ്ങളുടെ ധാരാളിത്തത്തിന്റെ രൂപത്തില്‍ നടത്തുന്ന കടന്നുകയറ്റം ചര്‍ച്ച ചെയ്യുന്നു. ഗാലോര്‍ ഉള്‍പ്പടെ പത്ത് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

 

റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ നെര്‍വസ് ട്രാന്‍സ്ലേഷനും പരീക്ഷണ ചിത്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടും. തൊണ്ണൂറുകളിലെ ഫിലിപ്പൈന്‍സിലെ സംഘര്‍ഷ ഭരിതമായ രാഷ്ട്രീയം കുട്ടികളുടെ ജീവിതപരിസരത്തെ മാറ്റിമറിച്ചതാണ് ചിത്രത്തിന്റെ പ്രമേയം. വീട്ടിനുള്ളില്‍ തളച്ചിടേണ്ടി വരുന്ന എട്ടു വയസുകാരിയായ യീലിന്റെ ജീവിത പരിസരത്തിലൂടെയാണ് സംവിധായകയായ ഷിറീന്‍ സെനോ ചിത്രത്തിലെ ആശയലോകം വികസിപ്പിച്ചിരിക്കുന്നത്.

കഥയും ഹാസ്യാനുകരണവും ഡോക്യൂമെന്റേഷനും ഉള്‍പ്പെടുത്തി പരീക്ഷണ ചലച്ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സംവിധായകന്‍ രുചിര്‍ ജോഷിയുടെ ടെയില്‍സ് ഫ്രം പ്ലാനറ്റ് കൊല്‍ക്കത്ത, മെമ്മറീസ് ഓഫ് മില്‍ക്ക് സിറ്റി എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ മറ്റ്  ഇന്ത്യന്‍ സിനിമകള്‍. ഇരു ചിത്രങ്ങളും കൊല്‍ക്കത്ത,അഹമ്മദാബാദ് എന്നീ നഗരങ്ങളിലൂടെ നടത്തുന്ന സാംസ്‌കാരിക സഞ്ചാരം കൂടിയാണ്.

ബംഗാളിലെ കളിപ്പാട്ട നിര്‍മ്മാതാക്കളുടെയും വില്‍പ്പനക്കാരുടെയും കഥ പറയുന്ന യശസ്വിനി രഘുനന്ദന്റെ ദാറ്റ് ക്ലൗഡ് നെവര്‍ ലെഫ്റ്റ്, വാസ്തുവിദ്യാ കേന്ദ്രങ്ങളുടെ ചലച്ചിത്ര ഭാഷ്യമായ ഗൗതം വല്ലൂരിയുടെ മിഡ് നൈറ്റ്  ഓറഞ്ച്, ചുങ് മിങ് ക്യൂ സംവിധാനം ചെയ്ത  ട്രീ ഹൗസ്, അന്ന മാര്‍സിയാനോയുടെ ബീയോണ്ട് ദി വണ്‍, സില്‍വിയ ഷെഡല്‍ബവര്‍ സംവിധാനം ചെയ്ത വിഷിങ് വെല്‍, തായ് ലാന്‍ഡിലെ  വിനോദസഞ്ചാരകേന്ദ്രമായ ക്രാബിയിലെ സാമൂഹിക ജീവിതം അനാവരണം ചെയ്യുന്ന  ക്രാബി 2562  എന്നി ചിത്രങ്ങളും ഈ വിഭാഗത്തിന് മിഴിവേകും.

Leave a Reply

Your email address will not be published. Required fields are marked *