കെ. ശ്രീകുമാർ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ പുതിയ മേയറായി എൽ.ഡി.എഫിലെ കെ. ശ്രീകുമാറിനെ തിരഞ്ഞെടുത്തു.

ബി.ജെ.പിയിലെ എം.ആർ. ഗോപനെയും യു.ഡി.എഫിലെ ഡി. അനിൽകുമാറിനെയും പരാജയപ്പെടുത്തിയാണ് ശ്രീകുമാർ നഗരത്തിന്റെ നാല്പത്തി അഞ്ചാമത് മേയറായത്. ചാക്ക വാർഡ് കൗൺസിലറായ കെ. ശ്രീകുമാർ നിലവിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും സി.പി.എം വഞ്ചിയൂർ ഏരിയാകമ്മിറ്റി അംഗവുമാണ്. മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂർക്കാവ് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മേയർ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

വരണാധികാരിയായ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിൽ ഇന്നലെ രാവിലെ 11 മുതലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ. മൂന്ന് സ്ഥാനാർത്ഥികളുണ്ടായിരുന്നതിനാൽ രണ്ട് റൗണ്ടുകളായാണ് തിരഞ്ഞെടുപ്പു നടന്നത്. ആദ്യ റൗണ്ടിൽ 99 പേർ വോട്ടുചെയ്തതിൽ കെ. ശ്രീകുമാറിന് 42, എം.ആർ. ഗോപന് 34, ഡി. അനിൽകുമാറിനു 20 എന്നിങ്ങനെ വോട്ട് ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. സ്വതന്ത്ര അംഗം ലതാകുമാരി ആർക്കും വോട്ട് രേഖപ്പെടുത്താത്തതിനാലും, യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും ഒാരോ വോട്ടുമാണ് അസാധുവായത്.

ഏറ്റവും കുറച്ച് വോട്ടു നേടിയ യു.ഡി.എഫിലെ ഡി. അനിൽകുമാറിനെ ഒഴിവാക്കി. രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു. 78 പേർ വോട്ട് ചെയ്തതിൽ കെ. ശ്രീകുമാറിന് 42 വോട്ടും എം.ആർ. ഗോപന് 35 വോട്ടും ലഭിച്ചു. ലതാകുമാരിയുടെ വോട്ട് അസാധുവായി. എൽ.ഡി.എഫ് – 42, ബി.ജെ.പി – 35, യു.ഡി.എഫ് – 21, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കെ. ശ്രീകുമാർ (.60) പൊതുരംഗത്തെത്തിയത്. കെ.എസ്.ഇ.ബി ജീവനക്കാരനും പത്ത് വർഷത്തോളം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ അജിത, മക്കൾ: സ്മൃതി ശ്രീകുമാർ, ഡോ. സമർ ശ്രീകുമാർ, മരുമകൻ: അരുൺ സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *