കോപ്റ്റർ വീഴ്ത്തിയ ഉദ്യോഗസ്ഥരെ കോർട്ട് മാർഷലിനു വിധേയരാക്കും

ന്യൂഡൽഹി : കശ്മീരിലെ ശ്രീനഗറിനു സമീപമുള്ള ബഡ്ഗാമിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ സംഭവത്തിൽ ഉത്തരവാദികളായ ആറ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി വ്യോമസേന. 2 മുതിർന്ന ഉദ്യോഗസ്ഥരെ കോർട്ട് മാർഷലിനു വിധേയരാക്കും. നാല് പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും.

ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ശ്രീനഗറിലാണ് സംഭവം.ഫെബ്രുവരി 27നുണ്ടായ അപകടത്തിൽ മി 17 വിഎഫ് സേനാ കോപ്റ്റർ തകർന്ന് 6 സേനാംഗങ്ങളടക്കം 7 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ഹെലികോപ്റ്ററാണെന്നു തെറ്റിദ്ധരിച്ചു ശ്രീനഗർ സേനാ താവളത്തിലെ വ്യോമസുരക്ഷാ വിഭാഗം മിസൈൽ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററും സേനാ താവളവും തമ്മിലുള്ള ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിൽ കലാശിച്ചത്.  ഹെലികോപ്റ്റർ സേന തന്നെ അബദ്ധത്തിൽ മിസൈലുപയോഗിച്ചു വീഴ്ത്തിയതാണെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ രാകേഷ് കുമാർ സിങ് ബധൗരിയ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *