ചെന്നൈ – മാംഗ്ളൂർ മെയിൽ ഷൊർണൂർ ട്രെയിൻ പാളം തെറ്റി
പാലക്കാട്: ചെന്നൈ – മാംഗ്ളൂർ മെയിൽ ഷൊർണൂർ റെയിൽവെ സ്റ്റേഷന് സമീപം പാളം തെറ്റി. ആളപായമില്ല. എൻജിന്റെ തൊട്ടുപിന്നിലുള്ള പാർസൽ കോച്ചും എസ്.എൽ.ആർ കോച്ചുമാണ് പാളം തെറ്റിയത്. ഇന്നലെ രാവിലെ ആറിന് ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെകടന്ന ഉടനെയാണ് സംഭവം.
15 കി.മീ മാത്രമായിരുന്നു വേഗത. മൂന്നരയടിയോളം തെന്നി നീങ്ങിയ പാർസൽ വാൻ തട്ടി വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു. ഇതോടെ ഷൊർണൂർ വഴിയുള്ള ട്രെയിൻ ഗതാഗതം രണ്ടു മണിക്കൂർ പൂർണമായും നിലച്ചു. പാളം തെറ്റിയ കോച്ചുകൾ വേർപെടുത്തി ഒമ്പതോടെ മെയിൽ യാത്ര പുനഃരാരംഭിച്ചു. സിഗ്നൽ തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിൻ ഗതാഗതം ഇന്ന് വൈകിട്ടോടെ സാധാരണ നിലയിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിവിഷൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ സേഫ്റ്റി വിഭാഗം വിശദമായ അന്വേഷണം നടത്തും.