2019ല്‍ ഹര്‍ത്താലിന് കടകള്‍ തുറക്കും

കോഴിക്കോട് : 2019 ഹര്‍ത്താല്‍വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്നു വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട്ടു ചേര്‍ന്ന ഹര്‍ത്താല്‍വിരുദ്ധ കൂട്ടായ്മയുടെ പ്രഖ്യാപനം. അടുത്തവര്‍ഷം മുതല്‍ എല്ലാ ഹര്‍ത്താലുകള്‍ക്കും കടകള്‍ തുറക്കും, ബസ്സുകള്‍ ഓടിക്കും. ജനുവരി 8, 9 തീയതികളിലെ ദേശീയ പണിമുടക്കിന് എന്തു ചെയ്യണമെന്ന കാര്യം അഞ്ചാം തീയതിക്കകം തൃശൂരില്‍ യോഗം ചേര്‍ന്നു തീരുമാനിക്കും.

വ്യാപാരി സംഘടനകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമെന്നു കണ്ടാല്‍ ഇനിയും പണിമുടക്കു നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഹര്‍ത്താല്‍ പാടില്ലെന്നു കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന കേരള ടൂറിസം ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. ഹര്‍ത്താലുമായി സഹകരിക്കില്ല. ഹര്‍ത്താലിനെതിരെ വാണിജ്യ സംഘടനകളും അതേ നിലപാടുള്ള മറ്റെല്ലാവരുമായും കൈകോര്‍ക്കും. ഹര്‍ത്താലില്‍നിന്നു ടൂറിസം രംഗത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിക്കും.
ഹര്‍ത്താല്‍ ദിനത്തില്‍ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തുറക്കും. വാഹനങ്ങള്‍ ഓടിക്കും. പൊലീസ് സംരക്ഷണം ആവശ്യപ്പെടും. ഹര്‍ത്താല്‍ ദിനത്തില്‍ ടൂറിസം മേഖലയില്‍ അക്രമമുണ്ടാകുന്ന ഓരോ സംഭവത്തിലും കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെയായിരിക്കും കേസ് കൊടുക്കുക.
ഹര്‍ത്താലിനെതിരായ സുപ്രീംകോടതി, കേരള ഹൈക്കോടതി വിധികള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യും. 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കുമായി സഹകരിക്കില്ല. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ 28 സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *