സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം ഓണത്തിന് മുമ്പ്

തിരുവനന്തപുരം : സ്‌കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ ഓണറേറിയം ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയമാണ് വിതരണം ചെയ്യുക. ആഗസ്റ്റ് മാസത്തെ വേതനം സെപ്തംബര്‍ അഞ്ചിന് മുമ്പായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,040 സ്‌കൂളുകളിലായി പ്രവര്‍ത്തിക്കുന്ന 13,611 പാചകത്തൊഴിലാളികള്‍ക്കാണ് 2023 ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ വേതനം ലഭിക്കുക.

പദ്ധതിക്കുള്ള സംസ്ഥാന അധിക സഹായത്തില്‍ നിന്ന് 50.12 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുകയും തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് ട്രഷറി മുഖാന്തിരം ക്രെഡിറ്റ് ചെയ്ത് നല്‍കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയങ്ങള്‍ വഴി ഇന്ന് മുതല്‍ തന്നെ പാചകത്തൊഴിലാളികളുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്ത് നല്‍കുന്നതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *