നടിയെ ആക്രമിച്ച കേസ്: അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.

കേസിന്റെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹര്‍ജിയിക്ക് പിന്നാലെ അതിജീവിതയെ കൂട്ടത്തോടെ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും നീതി ലഭ്യമാക്കുമെന്നും പിന്തുണ അറിയിച്ച് മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു.

കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും നീതി ഉറപ്പാക്കാനുള്ള ഇടപെടല്‍ കോടതിയുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വ്യക്തമാക്കിയാണ് അതീജീവിത ഹര്‍ജി നല്‍കിയത്. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത് മറ്റു ചില ഇടപെടലുകളുടെ ഭാഗമാണെന്ന സംശയവും വര്‍ദ്ധിപ്പിക്കുന്നതായും ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹര്‍ജിയില്‍ അതിജീവിത ആരോപിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം നിര്‍ത്തരുത്, കേസില്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ച് മൂന്ന് പേജുള്ള നിവേദനവും നടി മുഖ്യമന്ത്രിയ്ക്ക് നല്‍കി. കേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന ഉറപ്പ് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, അന്വേഷണം നടക്കുന്നില്ലെന്ന അതിജീവിതയുടെ ഭീതി അനാവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂട്ടര്‍ വാദിച്ചു. നടിയുമായി ആലോചിച്ച് പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡിജിപി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *