കരോള്‍ സംഘത്തെ ആക്രമിച്ച ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

കോട്ടയം : പത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ പള്ളിയില്‍ കയറി കാരള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. പരിസരത്തെ നാലു വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ക്കു പരുക്കേറ്റു. ബൈക്കുകളും ഓട്ടോറിക്ഷയും തകര്‍ത്തു. വാഴക്കൃഷി നശിപ്പിച്ചു. പള്ളിക്കു നേരെ കല്ലേറുമുണ്ടായി.
ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. കാരള്‍ സംഘവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ റോഡില്‍ വച്ചു തര്‍ക്കമുണ്ടായി. കുട്ടികളുള്‍പ്പെടെ 43 പേര്‍ കാരള്‍സംഘത്തിലുണ്ടായിരുന്നു. മുട്ടുചിറ കോളനിക്കു സമീപത്തെ വീടുകളില്‍ കയറിയപ്പോള്‍ ഡിവൈഎഫ്‌ഐ സംഘം ഇവര്‍ക്കൊപ്പം പാട്ടു പാടി. ഇതു ചോദ്യം ചെയ്തതോടെ സംഘത്തിലെ പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പള്ളി ഭാരവാഹികള്‍ പറയുന്നു.


ഇതു ചോദ്യം ചെയ്തതോടെ സംഘര്‍ഷമായി. ചിങ്ങവനം പൊലീസ് എത്തിയതോടെ ഡിവൈഎഫ്‌ഐ സംഘം പിന്‍വാങ്ങി. പൊലീസിന്റെ നിര്‍ദേശ പ്രകാരം കാരള്‍ സംഘം പള്ളിയിലേക്കു മടങ്ങി. പള്ളിയിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ 25 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടിവാളും കല്ലുമായി എത്തി ആക്രമിച്ചെന്നു പള്ളി ഭാരവാഹികള്‍ പറയുന്നു. ചേലച്ചിറ തങ്കച്ചന്റെ മകള്‍ എമിയയ്ക്കു പരുക്കേറ്റു. മുഖത്ത് ആറ് തുന്നലുണ്ട്. എമിയയെ പൊലീസ് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. അക്രമത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തിനോ പ്രവര്‍ത്തകര്‍ക്കോ ബന്ധമില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഡിലീഷ് പറഞ്ഞു. പള്ളിയിലെ കാരള്‍ സംഘവും മറ്റൊരു കാരള്‍ സംഘവുമായി ഉണ്ടായ തര്‍ക്കവും സംഘര്‍ഷവുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഡിലീഷ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *