അമ്മ തിരഞ്ഞെടുപ്പ്: മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു

അമ്മ തിരഞ്ഞെടുപ്പ്: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു.

കൊച്ചി: താരസംഘടനയായ അമ്മയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മണിയന്‍പിള്ള രാജുവും ശ്വേതാ മേനോനും വിജയിച്ചു.

എക്‌സിക്യൂട്ടാവ് കമ്മിറ്റിയിലേക്ക് മത്സരിച്ച ലാലും വിജയ്ബാബുവും അട്ടിമറി ജയം നേടി. ഔദ്യോഗിക പാനലില്‍ നിന്ന് മത്സരിച്ച മൂന്ന് പേരും പരാജയപ്പെട്ടു. നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവരാണ് തോറ്റത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്തും തോറ്റു.

അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിവാദമായ ഫേസ്ബുക്ക് പോസ്റ്റിനെകുറിച്ച് നടന്‍ സിദ്ദിഖും മണിയന്‍പിള്ള രാജുവും വിശദീകരണങ്ങള്‍ നല്‍കി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സിദ്ദിഖും പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമായിരുന്നെന്ന് മണിയന്‍പിള്ള രാജുവും വ്യക്തമാക്കി. ഔദ്യോഗിക പാനല്‍ മത്സരിക്കുന്നുണ്ടെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്. എന്നാല്‍ പോസ്റ്റിലൂടെ എതിര്‍ സ്ഥാനാര്‍ത്ഥികളെ വിമര്‍ശിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം. അമ്മയില്‍ മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു. ഔദ്യോഗിക പാനലിനെതിരെയായിരുന്നു മണിയന്‍പിള്ള രാജു മത്സരിച്ചത്.

സാധാരണഗതിയില്‍ അമ്മയില്‍ ഔദ്യോഗിക പാനലിനെ മറ്റ് അംഗങ്ങള്‍ അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കും മത്സരമ നടന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ ഇക്കുറിയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും, ട്രഷറായി സിദ്ദിഖിനും എതിരാളികളില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed