രാജ്യദ്രോഹക്കേസ് : ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു

കൊച്ചി : ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവര്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കുന്നതായി ഹൈക്കോടതി അറിയിച്ചത്.

ഐഷയ്ക്ക് നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കവരത്തി പൊലീസ് ഐഷയെ വിട്ടയച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ‘ബയോ വെപ്പണ്‍’ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ അയച്ച ‘ബയോ വെപ്പണ്‍’ ആണെന്നായിരുന്നു ഐഷ സുല്‍ത്താന പറഞ്ഞത്.

എന്നാല്‍ പ്രസ്താവനയില്‍ ഐഷ പിന്നീട് വിശദീകരണം നല്‍കിയിരുന്നു. ദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ മൂലം വലിയ രീതിയില്‍ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പണ്‍ എന്ന പരാമര്‍ശം നടത്തിയതെന്നും, അത് ബോധപൂര്‍വമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ മോശം പരാമര്‍ശം നടത്തിയ അയ്ഷ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ പരാതിയില്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *