പരീക്ഷാക്രമക്കേട്: കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമതി രൂപീകരിച്ചു

ന്യൂഡല്‍ഹി : പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.ദേശീയ പരീക്ഷാ ഏജന്‍സിയുടെ പരീക്ഷ നടത്തിപ്പിലെ പരിഷ്‌കരണം ,ഡാറ്റാ സെക്യൂരിറ്റി പ്രോട്ടോകോള്‍ മെച്ചപ്പെടുത്തല്‍ ,എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനവും തുടങ്ങിയ കാര്യങ്ങളിലാണ് സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക.

നീറ്റ് ,യുജിസി നെറ്റ് തുടങ്ങിയ പരീക്ഷകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം രൂപപ്പെട്ടിടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയ തലത്തില്‍ നടക്കുന്ന വിവിധ പൊതുപരീക്ഷകള്‍ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ പരിഷ്‌കരണം നിര്‍ദേശിക്കാന്‍ പുതിയ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. സമതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗലേറിയ, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വി സി പ്രൊഫ ബി ജി റാവു, ഐ ഐ ടി മദ്രാസ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രെഫസര്‍ രാമമൂര്‍ത്തി, കര്‍മയോഗി ഭാരത് സഹസ്ഥാപകന്‍ പങ്കജ് ബന്‍സാല്‍, ഐ ഐ ടി ഡല്‍ഹി സ്റ്റുഡന്റ് ഡീന്‍ പ്രൊഫ ആദിത്യ മിത്തല്‍, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may missed