രാഷ്ട്രീയ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നു: ഗവര്‍ണര്‍

കാസര്‍കോട്: കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങളല്ല നിലവില്‍ നടക്കുന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ ദുഃഖവും നാണക്കേടും തോന്നുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണം തേടിയ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ വികസനത്തെ കുറിച്ച് സംസാരിച്ചതുകൊണ്ട് കാര്യമില്ല. രാഷ്ട്രീയ കാരണങ്ങള്‍ ആരുടേയും മരണത്തിന് കാരണമാകരുതെന്നും ആരും നിയമം കയ്യിലെടുക്കരുതെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

കേരളത്തെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ആലപ്പുഴയില്‍ ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. അക്രമ സാദ്ധ്യത കണക്കിലെടുത്ത് ജില്ലയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പതിനൊന്നുപേര്‍ പിടിയിലായി. എസ് ഡി പി ഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന.

ഇവരെ ചോദ്യം ചെയ്യുകയാണെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു. അക്രമിസംഘം എസ് ഡി പി ഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സിലാണ് സ്ഥലത്തെത്തിയതെന്നും സൂചനയുണ്ട്. ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. രണ്ട് കേസിലുമായി അമ്ബതോളം പേര്‍ കസ്റ്റഡിയിലായതായി ഐ ജി ഹര്‍ഷിതാ അട്ട്‌ലൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed