കഴക്കൂട്ടത്ത്‌ സില്‍വര്‍ ലൈന്‍ കല്ലിടല്‍ നാട്ടുകാര്‍ തടഞ്ഞു; സംഘര്‍ഷം

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നടപടിയില്‍ ചിലര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി.

ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതില്‍ ഒരാള്‍ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ചു. സര്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നും മടങ്ങി.

ഒരിടവേളയ്ക്ക് ശേഷമാണ് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചത്. ഒരു മാസമായി നിര്‍ത്തിവച്ച കല്ലിടല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *