തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ കസ്റ്റംസ് അനുമതി

തിരുവനന്തപുരം: നാലു വര്‍ഷമായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാന്‍ കസ്റ്റംസ് അനുമതിയായി.

മുന്‍പുണ്ടായിരുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിശാലമാക്കിയാണ് അദാനി തുറക്കുക.ലോകനിലവാരത്തില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് പുതുക്കിപ്പണിയാനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഇന്ന് ആരംഭിക്കും.മേയ് പകുതിയോടെ തുറക്കും. ദുബായ് ആസ്ഥാനമായ ഫ്‌ളെമിംഗ് ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്ബനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവര്‍ത്തിപ്പിക്കുക.തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.ഫ്‌ളെമിംഗ് ഗോയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞദിവസം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാനുള്ള ലൈസന്‍സ് കസ്റ്റംസ് അനുവദിക്കുകയായിരുന്നു.

13,000 യാത്രക്കാരുടെ പാസപോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗിച്ച്,ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെത്തുടര്‍ന്നാണ് പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് 2018ല്‍ താഴുവീണത്.

കാര്‍ഗോ കോംപ്ലക്‌സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി,പ്ലസ് മാക്‌സ് ആറു കോടിയോളം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പു നടത്തിയെന്നാണ് കേസ്.ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കി.ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. 2017 സെപ്തംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 21വരെ 16വിമാനക്കമ്ബനികളില്‍ നിന്ന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. മദ്യക്കടത്തില്‍ കസ്റ്റംസ്, സി.ബി.ഐ എന്നിവ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതുവരെ തീര്‍ന്നിട്ടില്ലെങ്കിലും പുതിയ ഏജന്‍സിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് ലൈസന്‍സ് അനുവദിക്കുകയായിരുന്നു.

ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന ഫ്‌ളെമിംഗ് ഗോ ട്രാവല്‍ റീട്ടെയ്ല്‍, മുംബയ് ട്രാവല്‍ റീട്ടെയ്ല്‍ എന്നിവയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് തുറക്കുന്നത്. അദാനിയുടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാന്‍ ഈ കമ്ബനികളുമായി കഴിഞ്ഞവര്‍ഷം ധാരണയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലാണ് പുതിയ ഷോപ്പ് വരിക.

Leave a Reply

Your email address will not be published. Required fields are marked *