ശബരിമലയില്‍ അടിസ്ഥാനസൗകര്യമില്ലാെത യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമലയില്‍ അടിസ്ഥാനസൗകര്യമില്ലാെത യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്കു ബാധ്യതയുണ്ട്. ഹര്ജിക്കാരന് ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വിധി പൊലീസിനെ ഉപയോഗിച്ചു തിടുക്കത്തില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയാണു ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
സ്ത്രീകളെ ബലം പ്രയോഗിച്ചു പൊലീസ് കയറ്റുകയായിരുന്നെന്നു പത്രം ഉയര്‍ത്തിക്കാട്ടി ഹര്ജിക്കാരന് വാദിച്ചപ്പോള്‍, പൊലീസ് സംരക്ഷണം നല്‍കുന്നതാണ് അതെന്നു കോടതി പ്രതികരിച്ചു. മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാതെ യുവതികളെ പൊലീസ് സംരക്ഷണത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.