കായികരംഗത്തെ സർക്കാർ പദ്ധതികൾ പ്രശംസനീയം:  ഗവർണർ പി. സദാശിവം

കായികരംഗത്തെ സർക്കാർ പദ്ധതികൾ പ്രശംസനീയം:
ഗവർണർ പി. സദാശിവം

കായികരംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ കായിക രംഗത്തെ പുരോഗതി അനിവാര്യമാണ്. ദേശീയ കായിക          ദിനത്തിൽ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ  കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികളും അധ്യാപകരും നടത്തിയ വ്യായാമ പ്രദർശനത്തിൽ ഗവർണറും പങ്കാളിയായി. ഒളിമ്പ്യൻ കെ.എം. ബീനാ മോൾ, പത്മിനി തോമസ് തുടങ്ങിയ കായിക താരങ്ങളെ ചടങ്ങിൽ ആദരിച്ചു. എൽ.എൻ.സി.പിയുടെ കായിക് മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനദാനം ഗവർണർ നിർവ്വഹിച്ചു. എ ഡി ജി പി  ബി. സന്ധ്യ, കേരള സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഡോ. സഞ്ജയൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു

ശിലാസ്ഥാപനം ഇന്ന് (ആഗസ്റ്റ് 30)

വർക്കലയിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഇന്ന് (ആഗസ്റ്റ് 30) വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിക്കും. 2019-2020 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവിട്ടാണ് മന്ദിരം നിർമിക്കുന്നത്.  ആശുപത്രി അങ്കണത്തിൽ വി. ജോയ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ്,  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, വാർഡ് കൗൺസിലർ പ്രസാദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

യൂത്ത് ക്ലബ് രജിസ്‌ട്രേഷൻ ഓൺലൈനിൽ

ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, റസിഡൻസ് അസോസിയേഷനുകളുടെ യൂത്ത് വിംഗുകൾ തുടങ്ങിയവ യുവജന ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യാം. യുവജനക്ഷേമ ബോർഡിന്റെ ംംം.സ്യെംയ.സലൃമഹമ.ഴീ്.ശി എന്ന വെബ് പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ. നിലവിൽ അഫിലിയേഷനുള്ള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഇങ്ങനെ രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് പട്ടം ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രം ഓഫീസിലോ 0471-2555740 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.

ഡ്രൈ ഡേ പ്രഖ്യാപിച്ചു

സെപ്റ്റംബർ മൂന്നിനു നടക്കുന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്ന് വൈകിട്ട് ആറുമുതൽ സെപ്റ്റംബർ നാല് വൈകിട്ട് ആറുവരെ തെരഞ്ഞെടുപ്പ് മേഖലകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ജില്ലാ പഞ്ചായത്തിലെ മണമ്പൂർ ഡിവിഷൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം്, കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കൽ പഞ്ചായത്തിലെ മരിയപുരം, കുന്നുകൽ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, പോത്തൻകോട് പഞ്ചായത്തിലെ മണലകം, പാങ്ങോട് പഞ്ചായത്തിലെ അടുപ്പുപാറ എന്നീ വാർഡുകളിലേക്കാണ് സെപ്റ്റംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ നാലിന് വോട്ടെണ്ണൽ.

ഉപതെരഞ്ഞെടുപ്പിന് പൊതുഅവധി

തദ്ദേശഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്റ്റംബർ മൂന്നിന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതിനു പുറമേ പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ രണ്ടിനും മൂന്നിനും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ഗവർൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് കേരള ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ഏഴുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, എൻ റോൾ ചെയ്ത തീയതി, ജാതി സർട്ടിഫിക്കറ്റ്, ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്റെ വിവരം, പ്രവൃത്തിപരിചയം, ഇവയോടൊപ്പം ബന്ധപ്പട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന് എന്ന വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 20 വൈകിട്ട് അഞ്ചുമണി.

വൈദ്യുതി മുടങ്ങും

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മുള്ളൂർക്കോണം, പിണക്കാട്ടുകോണം, പുന്നാട്ട് പ്രദേശങ്ങളിൽ ഇന്ന് (ആഗസ്റ്റ് 30) രാവിലെ എട്ടുമണി മുതൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *