എം സി ജോസഫൈന് അന്തരിച്ചു
കണ്ണൂര്‍ : സി പി എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമീഷന് മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന് (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ എ കെ ജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ വെച്ചാണ് ജോസൈഫന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എം സി ജോസഫൈന്റെ ഭൗതിക ശരീരം ഇന്ന് അഞ്ച് മണിവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി അങ്കമാലിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രണ്ട് മണിയോടെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
2017 മാര്‍ച്ച് മാസം മുതല്‍ 2021 ജൂണ്‍ 25 വരെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി പ്രവര്‍ത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.