ബസ് ചാര്‍ജ്ജ് കൂട്ടില്ല: ഗതാഗത മന്ത്രി

കോഴിക്കോട്: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസുടമകളുടെ സമര പ്രഖ്യാപനമെന്നും ജനങ്ങളുടെ മേല്‍ ഭാരം ഏല്‍പ്പിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബസുടമകളിലെ ഒരു വിഭാഗം മാത്രമാണ് സമര പ്രഖ്യാപനം നടത്തിയത്. മാധ്യമങ്ങളിലൂടെ ഉള്ള അറിവ് മാത്രമേ സംസ്ഥാന സർക്കാരിനുമുള്ളൂ. ഇത് എടുത്തു ചാടിയുള്ള പ്രഖ്യാപനമാണ്. പൊതു ഗതാഗത സംവിധാനമാകെ പ്രതിസന്ധിയിലാണ്. പ്രശ്നങ്ങളോട് സർക്കാരിന് അനുകമ്പയാണുള്ളത്. സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്ത് കൊടുത്തു. ടാക്സ് 90 ദിവസം കൊണ്ട് അടക്കുന്ന സംവിധാനം ഉണ്ടാക്കി കൊടുത്തു. 15 വർഷം കഴിഞ്ഞ ബസ്സുകൾ പിൻവലിക്കണമെന്ന നിയമത്തിൽ ഇളവ് കൊടുത്തു. 20 വർഷമാക്കി. ആറ് മാസം മുൻപ് ചാർജ് വർധിപ്പിച്ചതാണ്. വിഭാഗീയത ഉണ്ടാക്കാനാണ് സമര പ്രഖ്യാപനം. ഗവൺമെന്‍റിനെ ഭീഷണിപ്പെടുത്തേണ്ട സാഹചര്യമല്ല ഇപ്പോൾ. ജനങ്ങളുടെ മേൽ ഭാരം ഏൽപ്പിക്കുന്ന നടപടി അംഗീകരിക്കില്ല എന്നും മന്ത്രി കോഴിക്കോട് പറ‍ഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ നിന്ന് ആരെയും പിരിച്ച് വിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി ജോലിക്കെത്താത്തവരുടെ പേര് നീക്കം ചെയ്തതാണ്. നേരത്തെ നൊട്ടീസ് നൽകിയതാണ്. കെഎസ്ആര്‍ടിസിയിൽ ജോലി ചെയ്യാൻ താൽപര്യമില്ലത്തവരാണ് അവർ എന്നും മന്ത്രി  എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed