ശബരിമലയിലും അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് യോഗി ആദിത്യനാഥ്

പത്തനംതിട്ട: ശബരിമലയിലും അയോധ്യ മാതൃകയില്‍ പ്രക്ഷോഭം വേണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലും ശബരിമലയിലും ഹിന്ദുക്കളെ അപമാനിക്കാന്‍ ശ്രമം നടക്കുകയാണെന്നും യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്തുതല പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ പങ്കെടുക്കവേയാണ് യുപി മുഖ്യമന്ത്രി ശബരിമല മുഖ്യപ്രചാരണ വിഷയമാക്കിയത്.
മൂന്നൂമണിക്കൂറിലധികം വൈകിയതിനു ക്ഷമചോദിച്ചുകൊണ്ടു പ്രസംഗം തുടങ്ങിയ യോഗി ആദിത്യനാഥ് വിശ്വാസസംരക്ഷണത്തിനായി ബിജെപി എടുക്കുന്ന നിലപാടുകളിലേക്ക് ഉടന്‍തന്നെ ചുവടുമാറ്റി. കേന്ദ്രസര്‍ക്കാരും, യുപി സര്‍ക്കാരുമെല്ലാം വിശാസ സംരക്ഷണത്തിനായി ശ്രമിക്കുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ വിശ്വാസത്തെ തകര്‍ക്കാന്‍ നോക്കുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു.
ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായി പോരാടിയവരെ പ്രശംസിച്ച യോഗി ആദിത്യനാഥ് അയോധ്യപോലെ പ്രധാനപ്പെട്ടതാണ് ശബരിമലയെന്ന് പറഞ്ഞു. അയോധ്യയില്‍ വിശ്വാസ സംരക്ഷണത്തിനായി ഇടപെട്ടതിനു സമാനമായരീതിയിലാണ് ശബരിമലയിലും പാര്‍ട്ടി നിലപാടെടുത്തത്. അവിടെ നടത്തിയതുപോലുള്ള പ്രക്ഷോഭം ശബരിമല വിഷയത്തിലും വേണമെന്നും യോഗി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കുമ്പഴയില്‍ സംഘടിപ്പിച്ച ശക്തികേന്ദ്ര പ്രവര്‍ത്തകരുടെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തു. അതിനുശേഷമാണ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ബൂത്തുതല പ്രവര്‍ത്തകരുടെ യോഗത്തിലേക്ക് അദ്ദേഹം എത്തിയത്. ബൂത്തുതല ജയമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനമെന്നു പറഞ്ഞ യോഗി ആദിത്യനാഥ് വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തശേഷമാണു മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *