ഭീകരര്‍ക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നല്‍കുകയെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നതു നികൃഷ്ടമായ ആക്രമണമായിരുന്നെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. ക്രൂരമായ നീക്കത്തെ ശക്തമായി അപലപിക്കുന്നു. ധീരജവാന്‍മാരുടെ ത്യാഗം വ്യര്‍ഥമാകില്ല. വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുമുണ്ട്. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി സംസാരിച്ചു. രാജ്‌നാഥ് സിങ് നാളെ ശ്രീനഗറിലെത്തും. പട്‌നയില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന റാലി റദ്ദാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീരുത്വം നിറഞ്ഞ നടപടിയാണ് ഇതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട്. ഭീകരര്‍ക്കു മറക്കാനാകാത്ത മറുപടിയായിരിക്കും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *