ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും

ഇടുക്കി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിക്ക് തുറക്കും. ഒരു ഷട്ടറിലൂടെ സെക്കന്‍റിൽ 50 ഘനമീറ്റർ വെള്ളമൊഴുക്കി വിടാനാണ് തീരുമാനം. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്‍റെ മധ്യത്തിലെ ഷട്ടറാണ് തുറക്കുക.

മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാൽ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടൽ. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ നാല് മണിക്ക് ഷട്ടർ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാൽ പകൽ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേർന്ന കെഎസ്ഇബി ബോർഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാൻ വൈകിയതിനാൽ ബോർഡ് ഏറെ പഴി കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *