എന്‍ എസ് എസിനെതിരേയും രൂക്ഷഭാഷയില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം : വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസ് നിലപാട് ഇരട്ടത്താപ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെല്ലാം കാര്യത്തില്‍ സമദൂരം പാലിക്കണമെന്ന് സ്വയം പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.
മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തിന്റെ കൂടെ നവോത്ഥാന പാരമ്പര്യമുള്ള സംഘടന തന്നെ ചേരാന്‍ പാടുണ്ടായിരുന്നോ എന്ന് ആര്‍എസ്എസ് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി. വനിതാ മതിലില്‍ ചേര്‍ന്നാല്‍ നടപടിയെടുക്കുമെന്നു ചിലര്‍ പ്രഖ്യാപിച്ചതു നവോത്ഥാന പാരമ്പര്യത്തിനു ചേര്‍ന്നതാണോയെന്നു ചിന്തിക്കണം. ഏതില്‍നിന്നെല്ലാം സമദൂരം പാലിക്കുന്നു എന്നു സ്വയം ആലോചിക്കണം. ഇതെല്ലാം ഇരട്ടത്താപ്പായി കാണേണ്ടിവരും.


മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ സമദൂരം പാലിക്കാന്‍ കഴിയുമോ? ആചാരം സംരക്ഷിക്കാനാണ് ഈ നിലപാട് സ്വീകരിക്കുന്നത് എന്നത് മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്. നാട്ടില്‍ മുന്‍പ് എന്തെല്ലാം ആചാരങ്ങള്‍ നിലനിന്നിരുന്നു. അതിനെതിരെ നവോത്ഥാന നായകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാന്‍ കഴിയുമോ. മന്നം നടത്തിയ പ്രക്ഷോഭം അത്തരത്തിലുള്ളതാണ്. നായര്‍ സമുദായത്തില്‍ മരുമക്കത്തായം നിലനിന്നിരുന്നു. അതു മാറിയില്ലേ. നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വത്തവകാശം ഇല്ലായിരുന്നു. അതെല്ലാം മാറിയില്ലേ. അതിനു നേതൃത്വം കൊടുത്ത മന്നത്തു പത്മനാഭനെപോലുള്ളവരുടെ പങ്ക്‌ െചറുതല്ല
ശബരിമലയില്‍ നിരവധി ആചാരങ്ങള്‍ മാറി. 1949ല്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മണ്ഡല മകരവിളക്കിനു മാത്രമേ ആദ്യമൊക്കെ നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാന്‍ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തില്‍നിന്നുള്ള മാറ്റമാണ്. അത് സൗകര്യപ്രദമാണ്. തിരക്ക് കുറയ്ക്കാം.
മതനിരപേക്ഷത തകര്‍ക്കുന്ന ഇടപെടല്‍ ശബരില വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്നു. സ്ത്രീകള്‍ എതിരാണെന്നു വരുത്താന്‍ ഒരുകൂട്ടം സ്ത്രീകളെ രംഗത്തിറക്കി. ഇത്തരം സാഹചര്യത്തിലാണ് നവോത്ഥാനപാരമ്പര്യം ഉള്‍കൊള്ളുന്ന ഹിന്ദു സംഘടനകളുടെ യോഗം വിളിക്കുന്നത്. ആ യോഗത്തില്‍ ഈ സാഹചര്യം വിശദീകരിച്ചു. അതിന്റെ ഭാഗമായാണ് വനിതാ മതില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ സ്ത്രീകള്‍ ആകമാനം പങ്കെടുക്കുന്ന വന്‍മതിലായി മാറും. സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കുന്നത് വര്‍ഗ സമരത്തിന്റെ ഭാഗം. അത് വര്‍ഗ സമരത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed