ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്കു വരേണ്ടതില്ലെന്നു പറയാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ട്. ഏതെങ്കിലും സ്ത്രീയെ ശബരിമലയില്‍ കയറ്റുക, എതു മാര്‍ഗത്തിലൂടെയും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുക എന്നതു സര്‍ക്കാരിന്റെ നിലപാടല്ല. സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനത്തിനു സൗകര്യം ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.


എതിര്‍പ്പ് മറികടന്നു പോകാന്‍ സ്ത്രീകള്‍ തയാറായാല്‍ എല്ലാ സംരക്ഷണവും നല്‍കും. അതാണു സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരിനു താല്‍പര്യമില്ലാത്തതിനാലാണു യുവതികള്‍ ശബരിമലയില്‍ കയറാത്തതെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഏതു മന്ത്രിയും സര്‍ക്കാരിന്റെ നിലപാടേ പറയാന്‍ പാടുള്ളൂവെന്നു മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ പോകണോ വേണ്ടയോ എന്നതു യുവതികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. സ്ത്രീകള്‍ക്കു പുരുഷനു തുല്യമായ അരാധനയ്ക്ക് അവകാശം ഉണ്ടെന്നാണു കോടതി വിധി
ശബരിമലയില്‍ പൊലീസിനു ചില പരിമിതികളുണ്ട്. അതാണു ചിലര്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ശബരിമലയില്‍ ബലപ്രയോഗത്തിന് പൊലീസ് ശ്രമിച്ചിട്ടില്ല. അതു വലിയ പ്രത്യാഘാതം ഉണ്ടാകും. ശബരിമലയിലെത്തിയ യുവതികളെ മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് പൊലീസ് ശ്രമിച്ചത്. പ്രതിഷേധമുണ്ടായപ്പോള്‍ സന്നിധാനത്തു പോകാതെ മടങ്ങാമെന്നു ഭക്തകളായ വനിതകള്‍ തീരുമാനമെടുക്കുകയായിരുന്നു

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പള്ളിമുറ്റത്ത് അനിഷ്ടമുണ്ടായാല്‍ വിശ്വാസികള്‍ക്ക് ,മാത്രമല്ല സമൂഹത്തിനാകെ അത് വേദനയുണ്ടാക്കും.അതിനിട വരരുത്. അനിഷ്ട സംഭവങ്ങളിലേയ്ക്ക് പോകാതെ നല്ല രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കണം.അതിനായി ഒരു കൂട്ടരെ ചര്‍ച്ചയ്ക്ക് വിളിക്കണോ,അതോ രണ്ട് കൂട്ടരെയും വിളിക്കണോയെന്ന് സര്‍ക്കാര്‍ ആലോചിക്കും.സഭാ വിഷയത്തില്‍ ചില ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്.പക്ഷെ അത് വിശ്വാസികളുമായി ,സഭാ നേതൃത്വവുമായി ആലോചിച്ചാകും ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നേരത്തെ പിറവം പള്ളിയുടെ കാര്യത്തില്‍ ഹൈക്കോടതി തന്നെ സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് നയത്തെ വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ കോടതിവിധി നടപ്പാക്കാന്‍ ആയിരത്തോളം പൊലീസുകാരെ വിന്യസിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പിറവം പള്ളിയുടെ കാര്യത്തില്‍ എന്താണ് ഇത്തരം നടപടികള്‍ സ്വീകരിക്കാത്തതെന്നും,പിറവത്ത് സമവായ ചര്‍ച്ചകള്‍ നടത്തുന്ന സര്‍ക്കാര്‍ ശബരിമലയില്‍ എന്താണ് ചര്‍ച്ചകള്‍ നടത്താത്തതെന്നും കോടതി ചോദിച്ചിരുന്നു.

വനിതാ മതിലില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഒരു സംഘടനയ്ക്കും നടപടിയെടുക്കാന്‍ കഴിയില്ല. നവോത്ഥാന വിരുദ്ധരായി മാറാന്‍ സംഘടനകള്‍ക്കു കഴിയില്ല. ആ സംഘടനയില്‍നിന്നുള്ളവരും വനിതാ മതിലില്‍ ഉണ്ടാകും.പ്രളയ ദുരിതാശ്വാസത്തില്‍ വീഴ്ച വന്നെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നത് 13,311 വീടുകളാണ്. ഇതില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ സ്വന്തമായി വീടു നിര്‍മിക്കാന്‍ തയാറായ 8,881 കുടുംബങ്ങളുണ്ട്. ഇതില്‍ 6,546 പേര്‍ക്ക് ഒന്നാംഗഡു പണം കൈമാറി. ബാക്കിയുള്ളവര്‍ക്ക് ജനുവരി പത്തിനകം ഒന്നാം ഗഡു നല്‍കും. പൂര്‍ണമായി തകര്‍ന്ന 2,000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇതിന്റെ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള വീടുകള്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *