പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഇന്ത്യന്‍ നവതരംഗ സിനിമയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു. കൊല്‍ക്കത്ത ഭവാനിപ്പോരയിലെ വീട്ടില്‍ രാവിലെ 10.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പത്മഭൂഷണ്‍, ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഏക് ദിന്‍ അചാനക്, പദതിക്, മൃഗയ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്.

ഐഎഫ്എഫ്‌കെയുടെ ആദ്യ സമഗ്ര സംഭാവന പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. സത്യജിത് റായിയുടേയും ഋത്വിക് ഘട്ടക്കിന്റെയും സമകാലികനാണ്. ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങളും മൃണാള്‍ സെന്‍ സ്വന്തമാക്കിയിട്ടുണ്ട്.

1955ല്‍ ആദ്യ ഫീച്ചര്‍ സിനിമ രാത്ത് ബോറെ സംവിധാനം ചെയ്തു. നീല്‍ ആകാഷെര്‍ നീചെ എന്ന രണ്ടാമത്തെ ചിത്രം പ്രാദേശികമായ അംഗീകാരവും മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ രാജ്യാന്തര ശ്രദ്ധയും നേടി. 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ എന്നിവ സംവിധാനം ചെയ്തിട്ടുണ്ട്.

മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കെയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ ജൂറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *