തിരുവാഭരണം തിരിച്ചേല്‍പ്പിക്കുമെന്നു ദേവസ്വം ബോര്‍ഡില്‍ നിന്നു പന്തളം കൊട്ടാരം ഉറപ്പുവാങ്ങി

ശബരിമല: മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താന്‍ കൊണ്ടുവരുന്ന തിരുവാഭരണം മടക്കി കിട്ടുന്നതില്‍ പന്തളം കൊട്ടാരത്തിന് ആശങ്ക. തിരിച്ചേല്‍പ്പിക്കുമെന്നു ദേവസ്വം ബോര്‍ഡില്‍ നിന്നു കൊട്ടാരം ഉറപ്പുവാങ്ങി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ തിരുവാഭരണം തിരിച്ചുനല്‍കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നതിനാലാണ് പന്തളം കൊട്ടാരം ആശങ്ക ദേവസ്വം ബോര്‍സിനെ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അധ്യക്ഷന്‍ പി.ആര്‍.രാമന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, കമ്മിഷണര്‍ എന്‍.വാസു, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നാരായണന്‍ എന്നിവര്‍ കൊട്ടാരത്തില്‍ എത്തി കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാരവര്‍മ, സെക്രട്ടറി നാരായണവര്‍മ എന്നിവരുമായി ചര്‍ച്ച നടത്തി. തിരുവാഭരണങ്ങള്‍ അതുപോലെ തിരിച്ചേല്‍പ്പിക്കുമെന്നു രേഖാമൂലം ഉറപ്പു നല്‍കണമെന്നു ശശികുമാരവര്‍മ ആവശ്യപ്പെട്ടു.
തിരുവാഭരണത്തിന്റെ പട്ടിക തയാറാക്കിയാണ് സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങുന്നതെന്നും അതുപോലെ തിരിച്ചു നല്‍കുമെന്നും ദേവസ്വം കമ്മിഷണര്‍ ഉറപ്പു നല്‍കി. രേഖാമൂലം വേണമെന്ന് അവശ്യപ്പെട്ടപ്പോള്‍ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കി. തിരുവാഭരണ ഘോഷയാത്രയ്ക്ക് വിപുലമായ സുരക്ഷ ഒരുക്കുമെന്നു ജില്ലാ പൊലീസ് മേധാവിയും ഉറപ്പുനല്‍കി. പുറത്ത് ആരെയും അറിയിക്കാതെ രഹസ്യമായാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ചക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *