അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പം മത്സരിക്കാന്‍ സിപിഎം നീക്കം ; എതിര്‍പ്പുമായി കാരാട്ട്‌

ന്യൂഡൽഹി : നിലനിൽപ്പിനായി ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ കൂട്ടു പിടിക്കാനൊരുങ്ങി സിപിഎം.പ്രഖ്യാപിത നിലപാട് കാറ്റിൽ പറത്തി അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പം മത്സരിക്കാനാണ് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നീക്കം. എന്നാൽ യച്ചൂരിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ എതിർ സ്വരങ്ങൾ ശക്തമായി.

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കോൺഗ്രസ്-സിപിഎം അവിശുദ്ധ ബന്ധം ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുകയാണ്. പരീക്ഷിച്ചു പരാജയപ്പെട്ട ബംഗാൾ മോഡൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സീതാറാം യച്ചൂരിയുടെ നീക്കം. ബംഗാളിനു പുറമെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് അടവു നയമെന്ന ഓമനപ്പേരിൽ വിശേഷിപ്പിക്കുന്ന പാർട്ടിയുടെ അതിജീവനത്തിനുള്ള അവസാന നീക്കം ശക്തമാക്കുക. ബിഹാറിൽ ആർ ജെ ഡി കോൺഗ്രസ് സഖ്യത്തിനൊപ്പം നിൽക്കും. മഹാരാഷ്ട്രയിൽ എൻ സി പി കോൺഗ്രസ് സഖ്യത്തോട് ഒരു സീറ്റെങ്കിലും ആവശ്യപ്പെടും. യു പിയിൽ എസ് പി ബിഎസ്പി സഖ്യത്തിനൊപ്പം ചേരാനാണ് നീക്കം. കോൺഗ്രസ് കൂടി സഖ്യത്തിൽ വന്നാൽ പാർട്ടിക്ക് സന്തോഷം.

തമിഴ്‌നാട്ടിൽ ഡി എം കെ കോൺഗ്രസ് സഖ്യത്തിനൊപ്പം നിൽക്കാനാണ് തീരുമാനം. അങ്ങനെ എല്ലാം കൂടി ഒരു പത്തു സീറ്റിലെങ്കിലും വിജയിക്കുകയാണ് ലക്ഷ്യം. ബംഗാളിൽ തൃണമൂലിനു മുന്നിൽ ശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന് അവസാന ലൈഫ് ലൈനാണ് കോൺഗ്രസുമായുള്ള കൂട്ട്കെട്ട്.

പുതിയ നീക്കത്തിന് പിന്നിൽ ബംഗാൾ നേതാക്കളുടെ സമ്മർദ്ദമാണെന്നാണ് അറിയുന്നത്. എന്നാൽ കൈ പിടിക്കാനുള്ള യച്ചൂരിയുടെ നീക്കത്തോട് പ്രകാശ്‌ കാരാട്ട് വിഭാഗത്തിന് താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *