മണ്ഡലപൂജ ഇന്ന്; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.
ജനുവരി 14നാണ് മകരവിളക്ക്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഹൈക്കോടതി നിരീക്ഷകസമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തുണ്ട്. മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഇന്നലെ സന്നിധാനത്തെത്തി.


ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. ആചാരവിധി പ്രകാരമുള്ള സ്വീകരണത്തോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിച്ചത്. തങ്കഅങ്കിയോടൊപ്പം പന്തളം കുടുംബ പ്രതിനിധി ശശി കുമാര വര്‍മ്മ അകമ്പടി സേവിച്ചു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് തങ്കഅങ്കി സന്നിധാനത്തെത്തിയത്. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്പ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *