നാറാണത്തു ഭ്രാന്തന്‍ മലയിലേക്കു കല്ലുരുട്ടുന്നതുപോലെ

തിരുവനന്തപുരം: നാറാണത്തു ഭ്രാന്തന്‍ മലയിലേക്കു കല്ലുരുട്ടുന്നതുപോലെയാണു യുവതികളെ പൊലീസ് സന്നിധാനത്തേക്കു കൊണ്ടുപോകുന്നതെന്നു കെപിസിസി പ്രചാരണ വിഭാഗം മേധാവി കെ.മുരളീധരന്‍ എംഎല്‍എ. കല്ലിന്റെ സ്ഥാനത്ത് യുവതികളും നാറാണത്തു ഭ്രാന്തന്റെ സ്ഥാനത്ത് പൊലീസാണെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയിലേക്കു യുവതികള്‍ വീണ്ടും വന്നത് അന്തരീക്ഷം മോശമാക്കി. പൊലീസിന്റെയും സര്‍ക്കാരിന്റെയും കൈകള്‍ ഇതിനു പിന്നില്‍ ഉണ്ടോ എന്ന് ജനം സംശയിക്കുന്നുണ്ട്. കാരണം ഈ രണ്ടു സംഘങ്ങളും, പ്രത്യേകിച്ച് തമിഴ്‌നാട് സംഘത്തെ പൊലീസ് ബോധപൂര്‍വം പമ്പവരെ എത്തിച്ചു. സ്ത്രീകള്‍ ഏതു വഴിക്കു വന്നു, എങ്ങനെ പമ്പവരെ എത്തി എന്നതു ദുരൂഹമാണ്. ഹൈക്കോടതി നിരീക്ഷണ സമിതിക്കും ഈ സംശയമുണ്ട്.
ശബരിമല സമരത്തെക്കുറിച്ച് ബിജെപിക്കാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിലേക്കു സമരം മാറ്റിയതിനെ പലരും അനുകൂലിച്ചിരുന്നില്ല. സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിന് ഒട്ടു ജനപിന്തുണ ഉണ്ടായിരുന്നില്ല. ശബരിമലയില്‍ യുവതികള്‍ എത്തിയപ്പോള്‍ അണികള്‍ക്ക് വീണ്ടും ആവേശമായെന്നും ഇതു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപി സമരം ചത്തു കിടന്നപ്പോഴാണ് ശബരിമലയില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നതും സമരം ശക്തിപ്പെടുന്നതും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സിപിഎം ബിജെപി ഏര്‍പ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. അല്ലെങ്കില്‍ പൊലീസ് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഇത്രയും താല്‍പര്യം എടുക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You may missed