പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു

തിരുവനന്തപുരം: പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരുമാണു പണിമുടക്കുന്നത്. ബാങ്ക് ഇടപാടുകളെയും സമരം ബാധിക്കും. ബാങ്ക് യൂണിയന്‍ ഐക്യവേദിയുടെ നേതൃത്വത്തിലാണു പണിമുടക്ക്.


പണിമുടക്ക് പൂര്‍ണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാ-ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുമെന്നും യൂണിയന്‍ ഐക്യവേദി അവകാശപ്പെടുന്നു. പുതുതലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാര്‍ സമരം ചെയ്യുന്നില്ല. വിജയ ബാങ്കും ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണു യൂണിയനുകളുടെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉപേക്ഷിക്കുകയും ബാങ്കിങ് മേഖലയെ തകര്‍ത്ത വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുകയും വേണമെന്നാണ് ആവശ്യം
പണിമുടക്കുകൊണ്ടു സര്‍ക്കാരിന്റെ നിലപാടു മാറില്ല എന്നറിയാമെങ്കിലും പ്രശ്‌നത്തിന്റെയും പ്രതിഷേധത്തിന്റെയും തീവ്രത കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനാകുമെന്ന് യൂണിയനുകള്‍ കണക്കുകൂട്ടുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ തിങ്കളാഴ്ച മാത്രമാണു ബാങ്ക് പ്രവര്‍ത്തിച്ചത്. ഇന്നലെ ക്രിസ്മസ് പ്രമാണിച്ച് ബാങ്ക് അവധിയായിരുന്നു. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *