കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി

കണ്ണൂർ: ഉദ്ഘാടനം നടന്ന് ഒരു മാസം തികയും മുമ്പേ കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ പിണറായി സ്വദേശി മുഹമ്മദ് ഷാനിൽ നിന്നാണ് രണ്ട് കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് സ്വർണക്കടത്ത് പിടികൂടുന്നത്. കഴിഞ്ഞ രാത്രി എത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനാണ് സ്വർണം കടത്തിയത്. യാത്രക്കാരനായ പിണറായി സ്വദേശി മുഹമ്മദ് ഷാനിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് റവന്യൂ ഇന്റലിജൻസിന് കൈമാറി.

ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള പാത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കസ്റ്റംസ് പരിശോധനയ്ക്കിടെ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ ഇന്റലിജൻസിനെ വിവരം അറിയിക്കുകയും ഷാനെ പിടികൂടുകയുമായിരുന്നു. ഷാനെ കൊണ്ടു പോകാനായി കാറിലെത്തിയവരെയും അധികൃതർ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *