മുന്നണിവിപുലീകരണം: ഇടതുമുന്നണി യോഗം ഇന്ന്

തിരുവനന്തപുരം: മുന്നണിവിപുലീകരണം ചർച്ച ചെയ്യാൻ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വീരേന്ദ്രകുമാറിന്‍റെ ലോക്താന്ത്രിക് ജനതാദൾ, കേരളാ കോൺഗ്രസ് ബി, ഐഎൻഎൽ എന്നീ പാർട്ടികളെ മുന്നണിയിലെടുത്തേക്കും.

ഇടുതുമുന്നണി പ്രവേശനം കാത്തിരിക്കുന്ന പാർട്ടികൾ നിരവധിയാണ്. അതിൽ വീരേന്ദ്രകുമാറിന്‍റെ ലോക്താന്ത്രിക് ജനാതാദളിനെ മുന്നണിയിലെടുക്കുന്ന കാര്യം ഉറപ്പാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം മുന്നണിയോഗത്തിൽ എടുക്കുകമാത്രമേ ഇനി ബാക്കിയുള്ളു.

ആർ. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്, മുന്നണിയിലുള്ള സ്കറിയാ വിഭാഗവുമായി ലയിക്കാൻ നേരത്തെ മുന്നണി നേതൃത്വം പച്ചക്കൊടി കാണിച്ചിരുന്നെങ്കിലും അത് പാളി. ഇപ്പോഴത്തെ ശബരിമല വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ കേരളാ കോൺഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കന്ന കാര്യത്തിൽ സിപിഎമ്മിനും സിപിഐക്കും യോജിപ്പാണ്.

25 വർഷത്തോളമായി ഇടതുമുന്നണിക്ക് ഒപ്പമുള്ള ഇന്ത്യൻ നാഷണൽ ലീഗിനും ഇത്തവണ അകത്തേയ്ക്ക് പ്രവേശനം കിട്ടിയേക്കും. പഴയ സ്വാധീനമില്ലെങ്കിലും കാസർകോഡ് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും. ഫ്രാൻസിസ് ജോ‍‍ർജിന്‍റെ ജനാധിപത്യ കേരളാ കോൺഗ്രസ്, ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച സികെ ജാനു എന്നീ പാർട്ടികളുടെ കാര്യത്തിൽ ധാരണ ആയിട്ടില്ല.

കെ ആർ ഗൗരിയമ്മയെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇപ്പോൾ സജ്ജീവമാണ്. സിഎംപിയിലെ എം കെ കണ്ണൻ വിഭാഗവും വൈകാതെ സിപിഎമ്മിന്‍റെ ഭാഗമാകും. ഓരോ എംഎല്‍എമാരുള്ള ആർഎസ്പി ലെനിനിസ്റ്റ്, നാഷണൽ സെക്കുലർ കോൺഫറൻസ് എന്നീ പാർട്ടികളോട് മറ്റേതെങ്കിലും കക്ഷിയുടെ ഭാഗമായി ഇടതുമുന്നണിയിലെത്താൻ നോക്കണമെന്നാണ് നിർദ്ദേശം.

വനിതാ മതിലിന്‍റെ ഒരുക്കങ്ങൾ സംബന്ധിച്ച വിലയിരുത്തലും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *