വിശാല സഖ്യത്തെ വിമര്‍ശിച്ചു പ്രധാനമന്ത്രി

ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷം ലക്ഷ്യമിടുന്ന വിശാല സഖ്യത്തെ വിമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യം വച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപംകൊടുക്കുന്നത് ‘അവിശുദ്ധ സഖ്യ’ത്തിനാണെന്ന് മോദി പറഞ്ഞു. വ്യക്തിപരമായ അതിജീവന’ത്തിനു വേണ്ടിയാണ് പാര്‍ട്ടികള്‍ അത്തരമൊരു സഖ്യത്തിനു രൂപം നല്‍കുന്നത്. സമ്പത്തുനിറഞ്ഞ വംശങ്ങളുടെ യാതൊരു പൊരുത്തവുമില്ലാത്ത സഖ്യത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ക്കു തിരിച്ചറിയാനാകുമെന്നും തമിഴ്‌നാട്ടിലെ ബൂത്ത് വര്‍ക്കര്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.

പ്രതിപക്ഷ വിശാല സഖ്യത്തിലെ പ്രധാന പാര്‍ട്ടി തെലുങ്കു ദേശമാണ്. അതാകട്ടെ കോണ്‍ഗ്രസിന്റെ വലതുപക്ഷ സ്വഭാവത്തില്‍ പ്രതിഷേധിച്ചാണ് എന്‍.ടി.രാമറാവു രൂപീകരിച്ചതു തന്നെ. ഇപ്പോള്‍ ആ പാര്‍ട്ടിയ്ക്കാണ് കോണ്‍ഗ്രസുമായി ചേരാന്‍ ഏറ്റവും താല്‍പര്യമെന്നും മോദി കുറ്റപ്പെടുത്തി. സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപംകൊടുത്ത ചില പാര്‍ട്ടികളുണ്ട്. പക്ഷേ ലോഹ്യ കോണ്‍ഗ്രസിനും അതിന്റെ ആശയങ്ങള്‍ക്കും എതിരായിരുന്നെന്ന് അവര്‍ ഓര്‍ക്കുന്നില്ല. വിശാല സഖ്യത്തിന് ആശയബന്ധിതമായ യാതൊരു അടിത്തറയുമില്ല. ജനങ്ങള്‍ക്കു വേണ്ടിയല്ല, അധികാരത്തിനു വേണ്ടിയാണ് സഖ്യം. വ്യക്തിഗത നേട്ടങ്ങള്‍ക്കാണ്, ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല പ്രതിപക്ഷത്തിന്റെ സഖ്യമെന്നും മോദി കുറ്റപ്പെടുത്തി. സഖ്യത്തിലെ ഒട്ടേറെ നേതാക്കള്‍ അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ക്രൂര പീഡനത്തിനിരയായിട്ടുണ്ടെന്നതു മറക്കരുതെന്നും ആരുടെയും പേരെടുത്തു പറയാതെ മോദി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *