കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെതിരെ ഡോ. എം.എസ്.സ്വാമിനാഥൻ

ന്യൂഡൽഹി : കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെതിരെ പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ. രാഷ്ട്രീയ നേട്ടത്തിനായി കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന രീതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു നല്ലതല്ലെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരുകൾ കാർഷിക വായ്പകൾ എഴുതിത്തള്ളിയ പശ്ചാത്തലത്തിലാണു സ്വാമിനാഥന്റെ പ്രതികരണം. 2 ലക്ഷം രൂപ വരെയുള്ള കടങ്ങൾ ഒഴിവാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നു.

കാർഷിക പ്രതിസന്ധി എന്നതു മറ്റൊരു സാമ്പത്തിക പ്രതിസന്ധിയാണ്. കാലവർഷവും വിപണിയുമാണു ചെറുകിട കർഷകരെ ബാധിക്കുന്ന നിർണായക ഘടകങ്ങൾ. സാമ്പത്തികമായി നടപ്പാക്കാൻ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പു വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കൾ പ്രോൽസാഹിപ്പിക്കരുത് – സ്വാമിനാഥൻ പറഞ്ഞു

രാജസ്ഥാനിൽ 18,000 കോടി, മധ്യപ്രദേശിൽ 35,000–38,000 കോടി, ഛത്തീസ്ഗഡിൽ 6100 കോടി എന്നിങ്ങനെയാണു വായ്പകൾ എഴുതിത്തള്ളിയത്. കർഷക വോട്ടുബാങ്കുകളെ ഉന്നമിട്ടു നടത്തിയ പ്രഖ്യാപനത്തിലൂടെ 59,100 കോടി മുതൽ 62,100 കോടി രൂപ വരെയാണു സർക്കാരുകൾക്കുണ്ടായ സാമ്പത്തിക ബാധ്യത.ഇക്കാര്യം ചൂണ്ടിക്കാട്ടി, വായ്പകൾ എഴുതിത്തള്ളുന്നതു കാർഷിക നയത്തിന്റെ ഭാഗമാകരുതെന്നു സ്വാമിനാഥൻ പറഞ്ഞു. കാർഷിക കടം എഴുതിത്തള്ളുന്നതു സ്ഥിരം ഏർപ്പാടാക്കരുത്. അത്രയും പ്രതിസന്ധിയിലാണു കർഷകരെങ്കിൽ മാത്രമേ ഈ നയം സ്വീകരിക്കാവൂ. കാർഷിക മേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് ആത്യന്തികമായി എടുക്കേണ്ടത്– അദ്ദേഹം വ്യക്തമാക്കി

 

Leave a Reply

Your email address will not be published. Required fields are marked *